
ചെങ്ങന്നൂർ: ജനവാസ മേഖലയിലിറങ്ങിയ മുള്ളൻപന്നിയെ പിടികൂടാൻ നാട്ടുകാരും വനംവകുപ്പിൻ്റെ കേയർടേക്കറും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, ഒടുവിൽ എല്ലാവരെയും വെട്ടിച്ച് മുള്ളൻപന്നി വിദഗ്ധമായി രക്ഷപ്പെട്ടു. വെൺമണി കല്യാത്ര ജംഗ്ഷന് സമീപം ഇന്നലെ രാവിലെയോടെയാണ് സംഭവം.
ഇന്നലെ രാവിലെ പത്ത് മണിയോടെ കല്യാത്ര ജെമ്പി സ്കൂളിന്റെ സമീപത്താണ് മുള്ളൻപന്നിയെ ആദ്യമായി കണ്ടത്. ജനവാസ കേന്ദ്രത്തിൽ മുള്ളൻപന്നി എത്തിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. ആളുകളെ കണ്ട് ഭയന്ന മുള്ളൻപന്നി സമീപത്തെ ഓടയിലേക്ക് ചാടുകയും അവിടുത്തെ കോൺക്രീറ്റ് സ്ലാബിനടിയിൽ ഒളിക്കുകയുമായിരുന്നു.
ജെസിബി ഉപയോഗിച്ച് സ്ലാബ് മാറ്റി;
ഓടയ്ക്കുള്ളിൽ ഒളിച്ച മുള്ളൻപന്നിയെ പുറത്തെടുക്കാൻ നാട്ടുകാർ ഉടൻ തന്നെ ജെസിബി എത്തിച്ചു. ജെസിബി ഉപയോഗിച്ച് സ്ലാബിന് മുകളിലെ മണ്ണും സ്ലാബുകളും നീക്കം ചെയ്തു.
എന്നാൽ സ്ലാബ് ഇളക്കി മാറ്റിയതോടെ മുള്ളൻപന്നി ഓടയുടെ കൂടുതൽ ഉള്ളിലേക്ക് നീങ്ങി ഒളിക്കുകയാണുണ്ടായത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫോറസ്റ്റ് കെയർടേക്കർ സാം പൂമല സ്ഥലത്തെത്തി. തുടർന്ന് മുള്ളൻപന്നിയെ പിടികൂടാനുള്ള ഔദ്യോഗിക ശ്രമങ്ങൾ ആരംഭിച്ചു. ഓടയിലെ രണ്ട് സ്ലാബുകൾക്കിടയിലായി വല സ്ഥാപിച്ച് അതിലേക്ക് മുള്ളൻപന്നിയെ കയറ്റാനായിരുന്നു ശ്രമം. എന്നാൽ തന്ത്രപൂർവ്വം ഈ വലയും വെട്ടിച്ച്
മുള്ളൻപന്നി അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
വൈകിട്ട് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്ന വഴികളിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടിമറഞ്ഞ മുള്ളൻപന്നിയെ പിന്നീട് കണ്ടെത്താനായില്ല.











